വിശേഷ ചടങ്ങുകള്‍
" ദൈവത്തിന്‍റെ കുഞ്ഞിമംഗലത്തുള്ള പൂര്‍വ്വാരുഢം എന്ന നിലയില്‍ ഭണ്ഡാരപ്പുരയില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള തിരുയെഴുന്നള്ളത്താണ് നടയില്‍ എഴുന്നള്ളത്ത് എന്ന ഖ്യാതി നേടിയത്. "ശ്രീ മല്ലിയോട്ട് പാലോട്ട് കാവിലെ വിശേഷ ചടങ്ങുകള്‍

തിടമ്പെഴുന്നള്ളത്ത്.

ബ്രാഹ്മണക്ഷേത്രങ്ങളില്‍ മാത്രം ദര്‍ശിക്കാവുന്നതും ഇതരകാവുകളില്‍ അത്യപൂര്‍വ്വമായി കാണാവുന്നതുമാണത്രേ തിടമ്പ് തലയിലേറ്റിയുള്ള എഴുന്നള്ളത്ത്. ഒരു കാലത്ത് അവര്‍ണ്ണ ജാതിക്കാര്‍ക്ക് തിടമ്പ് തലയിലേറ്റിയുള്ള എഴുന്നള്ളത്ത് അനുവദിച്ചിരുന്നില്ല. അതുകൊണ്ട്തന്നെ പാലോട്ട് കാവിലെ ഭഗവാന്‍റെ തിടമ്പ് തലയിലേറ്റുന്നത് വിശേഷമത്രേ. ഇതിന് അടിസ്ഥാനമായി പറയുന്ന കാര്യങ്ങള്‍ പലതാണ്.

ബ്രാഹ്മണരാല്‍ പരിപാലിക്കപ്പെട്ടിരുന്നതാണ് ഈ കാവെന്നും ഉത്തമനായ ബ്രാഹ്മണബാലന്‍ തിടമ്പ് ന്യത്തം ചെയ്ത പുണ്യഭൂമിയാണ് ഇവിടെന്നും പറയപ്പെടുന്നു.

മറ്റൊന്ന് മല്ലിയോടന്‍ ചെമ്മരന്‍പണിക്കരുടെ താവഴിയില്‍പെട്ടയാളും കര്‍മ്മസ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടയാളുമായ മല്ലിയോട്ടച്ഛന്‍ പ്രായം കൊണ്ട് ചെറുപ്പമായിരുന്നത്രേ. അദ്ദേഹത്തിന് തിടമ്പ് മാറോടു ചേര്‍ത്ത് വെച്ച് എഴുന്നള്ളിക്കാന്‍ സാധിക്കാതെ വന്നു. നാടുവാഴിയെ നേരില്‍ കണ്ടു സങ്കടം അറിയിച്ചു. മനസ്സലിഞ്ഞ തമ്പുരാന്‍റെ കല്പനപ്രകാരമാണത്രേ തിടമ്പ് തലയിലേറ്റി എഴുന്നള്ളിക്കുന്നത്.

നടയില്‍ എഴുന്നള്ളത്ത്

മല്ലിയോട്ട് പാലോട്ട്കാവിലെ നടയിലെഴുന്നള്ളത്ത് പ്രചുരപ്രചാരം നേടിയതാണ്. അതിയടം പാലോട്ട്കാവില്‍ നിന്നും ദൈവം എഴുന്നള്ളിയിരുന്നത് ഭണ്ഡാരപ്പുര തറവാട്ടിലേക്കായിരുന്നു. ദൈവത്തിന്‍റെ കുഞ്ഞിമംഗലത്തുള്ള പൂര്‍വ്വാരുഢം എന്ന നിലയില്‍ ഭണ്ഡാരപ്പുരയില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള തിരുയെഴുന്നള്ളത്താണ് നടയില്‍ എഴുന്നള്ളത്ത് എന്ന ഖ്യാതി നേടിയത്. കുംഭമാസത്തിലെ ഭരണിവേല ഉത്സവദിവസത്തിലും പൂരംകുളി ദിവസത്തിലും വിഷുവിളക്ക് മഹോത്സവനാളിലും നടയിലെഴുന്നള്ളത്ത് നടക്കുന്നു.

പേരുവിളി

വിഷു ഒന്നാം തീയ്യതി ദൈവം പുറപ്പാട് കഴിഞ്ഞ ഉടനെയാണ് ചടങ്ങ് ആരംഭിക്കുന്നത്. തങ്ങളുടെ പൊന്നോമനയെ ദൈവത്തിനു മുന്നില്‍ നിര്‍ത്തി അനുഗ്രഹം തേടുന്നു. തുടര്‍ന്ന് മുന്‍നിശ്ചയിച്ചതും ദൈവത്തെ അറിയിക്കുന്നതുമായ പേര് ദൈവം ചൊല്ലി വിളിക്കുന്നു. പേര് വിളിക്ക് ശേഷം ദൈവത്തിനും അച്ഛന്‍മാര്‍ക്കും ദക്ഷിണനല്‍കി കുറി വാങ്ങുന്നു.

വിഷമിറക്കല്‍

മല്ലിയോട്ട്പാലോട്ട്കാവിലെ മണിക്കിണറിലെ ജലം വിഷഹരവും അമൃതവുമാണ്. വിഷം തീണ്ടിയെത്തുന്നവര്‍ക്ക് വിഷമിറക്കുന്ന ചടങ്ങ് പണ്ട് കാലങ്ങളില്‍ നടന്ന് വന്നിരുന്നു. ഇങ്ങനെ എത്തുന്നവര്‍ ദൈവത്തെ തൊഴുത് മല്ലിയോട്ടച്ഛനില്‍ നിന്നും പ്രത്യേകം പൂജ കഴിഞ്ഞുള്ള കരിക്കില്‍ അച്ഛന്‍മാര്‍ കുറിയിട്ട് നല്‍കുന്നത് സേവിക്കുന്നു. തിരുമുറ്റത്തൊരുക്കുന്ന ചെറിയൊരു ഹോമാഗ്നിയില്‍ കയറി നിന്ന് മണിക്കിണറില്‍ നിന്നുള്ള ജലം എടുത്ത് ധാരചെയ്യുന്നു.

വെണ്ണ സേവിക്കല്‍

മുന്‍കാലങ്ങളില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ വെണ്ണ സേവിക്കല്‍ ചടങ്ങ് നടത്തിയിരുന്നത്രേ. ഉത്സവകാലങ്ങളില്‍ എഴുന്നള്ളിപ്പിന് ശേഷം വിശേഷപൂജകള്‍ അര്‍പ്പിച്ച വെണ്ണ ആചാരപൂര്‍വ്വം ഇവര്‍ക്ക് നല്‍കുന്നു. ദേവനില്‍ നിന്ന് പ്രസാദമായി ലഭിക്കുന്ന വെണ്ണ സന്താനഭാഗ്യവും ആയുരാരോഗ്യവും പ്രധാനം ചെയ്യുന്നു.

ചിറ്റാടചാര്‍ത്തല്‍

ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ദേവന് ചിറ്റാടചാര്‍ത്തല്‍.
പാണച്ചിറമ്മല്‍ ഗുരുക്കല്‍ ദേവന് ചിറ്റാടചാര്‍ത്തിയ ശേഷം കൊച്ചുകുട്ടികളും നേര്‍ച്ചയായി ദേവന് ചിറ്റാടചാര്‍ത്തുന്നു.

നടകെട്ടല്‍

പഴയകാലത്ത് കന്നുകാലികള്‍ക്ക് രോഗബാധയേറ്റാല്‍ മനം നൊന്ത് തന്‍റെ ദൈവത്തെ വിളിക്കുകയല്ലാതെ മറ്റ് പോംവഴി ഒന്നും ഇല്ലായിരുന്നു. തന്‍റെ കന്നുകിടാങ്ങള്‍ക്ക് രോഗബാധയേല്‍ക്കാതെ കിട്ടിയാല്‍ അതിനെ ദൈവത്തിന് നടകെട്ടാമെന്നാണ് പ്രാര്‍ത്ഥന. പശുക്കിടാവിനെ നടകെട്ടിയ ശേഷം മല്ലിയോട്ടച്ഛനും, അച്ഛന്‍മാരും കുറിയിട്ട് കിടാവിനെ കൈയ്യേറ്റ് സാമുദായിമാരെ ഏല്‍പ്പിക്കുന്ന ചടങ്ങാണ് നടകെട്ടല്‍. ഇതിനെ ക്ഷേത്രവാല്യക്കാര്‍ പോറ്റി വളര്‍ത്തി ലേലം ചെയ്ത് കൊടുക്കുകയാണ് പതിവ്.

ഏളത്ത്

പൂര്‍വ്വകാലത്ത് ക്ഷേത്രത്തില്‍ നിന്നും നാലൂര്‍ക്കകത്തേക്ക് ഏളത്ത് പിടിക്കലുണ്ടായിരുന്നു. നര്‍ത്തകന്‍മാര്‍,കോയ്മ, കാരണവന്‍മ്മാര്‍ സാമുദായിമാര്‍ തുടങ്ങിയ ക്ഷേത്രസ്ഥാനികരും വാല്യക്കാരും, വെള്ളോലക്കുട, കൈവിളക്ക്, ഭണ്ഡാരം എന്നിവയുമായാണ് പുറപ്പടുക. ഏളത്ത് കാവില്‍ നിന്ന് പുറപ്പെട്ടാല്‍ ത്യപ്പാണിക്കരയപ്പന്‍റെ അനുവാദം വാങ്ങി ദേവന്‍റെ പൂര്‍വ്വാരൂഡത്തില്‍ കയറിയാല്‍ മാത്രമേ വീടുകളില്‍ ദര്‍ശനം നടത്താവൂ എന്നും പറയപ്പടുന്നു." ദൈവത്തിന്‍റെ കുഞ്ഞിമംഗലത്തുള്ള പൂര്‍വ്വാരുഢം എന്ന നിലയില്‍ ഭണ്ഡാരപ്പുരയില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള തിരുയെഴുന്നള്ളത്താണ് നടയില്‍ എഴുന്നള്ളത്ത് എന്ന ഖ്യാതി നേടിയത്. "


പാലോട്ട് ദൈവം പുറപ്പാട്
ഭരണി ഉത്സവം
ഊര് വക കാഴ്ചകള്‍‍
വിശേഷ അടിയന്തിരങ്ങള്‍
വിശേഷ ചടങ്ങുകള്‍
നേര്‍ച്ചകളും വിവരങ്ങളും