ഭരണി ഉത്സവം" കാവിലെ ആദ്യത്തെ ഉത്സവമാണ് ഭരണിഉത്സവം. ദേവിയുടെ കല്യാണഉത്സവമായിട്ടാണ് ഇത് അറിയപ്പെടുന്നത്. "ശ്രീ മല്ലിയോട്ട് പാലോട്ട് കാവിലേക്ക് ദൈവം എഴുന്നള്ളുന്നതിന് മുമ്പ് ഈ കാവ് മല്ലിയോട്ട് കുറുമ്പക്കാവായിട്ടാണ് അറിയപ്പെട്ടിരുന്നത്. ശ്രീ കുറുമ്പ നാല്‍വര്‍ - മൂത്തവളും ഇളയവളും കണ്ഠകര്‍ണ്ണന്‍ , പാടാര്‍കുളങ്ങരവീരന്‍ ദൈവം എന്നിങ്ങനെയാണ് പ്രതിഷ്ഠ. ശ്രീകോവില്‍ മന്ത്രശാലയില്‍ ശ്രീ കുറുമ്പദേവിയും ദേവിയുടെ വലതുഭാഗത്ത് മുന്‍കൊട്ടിലില്‍ പുതിയഭഗവതിയും ശ്രീകോവിലിന് പുറത്ത് മുന്‍ഭാഗത്ത് തറയില്‍ കണ്ഠകര്‍ണ്ണനും ദേവിയുടെ ഇടതുഭാഗത്ത് ദണ്ഡന്‍ദൈവത്തിന്‍റെ പള്ളിയറയുമാണ്. തൊട്ടടുത്തായി വടക്കേഭാഗത്തിന്‍റെ തറയുണ്ട്.

ഈ കാവിലെ ആദ്യത്തെ ഉത്സവമാണ് ഭരണിഉത്സവം. ദേവിയുടെ കല്യാണഉത്സവമായിട്ടാണ് ഇത് അറിയപ്പെടുന്നത്. കുംഭമാസത്തിലെ ഭരണി നക്ഷത്രത്തിനാണ് തുടങ്ങുക. മകീര്യം നാളില്‍ രാവിലെ ഉത്സവം സമാപിക്കും. ഉച്ചയ്ക്ക് വേലിയേറ്റ സമയത്ത് ദേവീസ്തുതികള്‍ ചൊല്ലി മേല്‍ലോകത്ത് നിന്ന് കീഴ് ലോകത്തേക്ക് തേര് ഇറക്കി ദേവിയെ മന്ത്രശാലയില്‍ കുടിയിരുത്തുന്ന ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. രാത്രി പള്ളിയറയുടെ മുന്നിലുള്ള തിരുനൃത്തപന്തലില്‍ ഇരുന്ന് ദേവിയുടെ ചരിത്രസ്തുതികള്‍ ചൊല്ലും. പുലര്‍ച്ചെ കുളിച്ചെഴുന്നള്ളത്ത്. തിരുനൃത്തപന്തല്‍ പട്ടാംബരം കൊണ്ട് വളച്ച കളത്തില്‍ പഞ്ചവര്‍ണ്ണങ്ങള്‍ കൊണ്ട് വിധിയാംവണ്ണം കളമിട്ട് കര്‍മ്മങ്ങള്‍ ചെയ്ത് ദേവിയുടെ തിരുമുമ്പില്‍ നിന്ന് കൊണ്ട് ഒരു കയ്യില്‍ കോഴിയും മണിനാദവും ശംഖുനാദത്തോടും കൂടി സ്തോത്രം ചൊല്ലി കോഴിയെ അറക്കുന്നു. അന്ന് കഴിഞ്ഞ് കളം കൈയേല്‍ക്കല്‍ ചടങ്ങ്.

രണ്ടാംദിവസം രാവിലെ മുന്‍കൊട്ടിലില്‍ ഇതിന് അടിച്ച് തെളിപാട്ട്. സന്ധ്യയ്ക്ക് ദേവിയുടെ സ്തുതികള്‍ ചൊല്ലല്‍. രാത്രി 12 മണിക്ക് ശേഷം അടിയന്തരാദികര്‍മ്മങ്ങള്‍. പുതിയഭഗവതിയുടെ തോറ്റം കഴിഞ്ഞാല്‍ പുലര്‍ച്ചെ നാലുമണിക്ക് നടയില്‍ എഴുന്നള്ളത്ത്. എഴുന്നള്ളത്തിന് പുതിയ ഭഗവതിയടെ തെയ്യക്കോലവും ഉണ്ടായിരിക്കും. എഴുന്നള്ളത്ത് കഴിഞ്ഞശേഷം മേലേരി കൈക്കൊള്ളല്‍ പിന്നെ കളം കൈ ഏല്‍ക്കല്‍.

മൂന്നാംദിവസം രാവിലെ അടിച്ച്തെളിപ്പാട്ട്, സന്ധ്യയ്ക്ക് ദീപം വെച്ചശേഷം ഭക്തജനങ്ങള്‍ ദേവിയുടെ പ്രധാനനേര്‍ച്ചയായ കുരുമുളകും മഞ്ഞളും തിരുമുമ്പില്‍ സമര്‍പ്പിച്ച് പ്രസാധമായ മഞ്ഞക്കുറിയും വാങ്ങി മനംനൊന്ത് ഭജിക്കുന്നു. പുതിയ ഭഗവതിയുടെ പന്തത്തിന് വെളിച്ചെണ്ണ ഒഴിക്കുന്ന പതിവുണ്ട്. രാത്രി നൃത്തപന്തലില്‍ ഇരുന്ന് ദേവിയുടെ ചരിത്രസ്തുതികള്‍ ചൊല്ലുന്നു. രാത്രി പത്തരയ്ക്ക് അടിയന്തരാദികര്‍മ്മങ്ങള്‍, പിന്നീട് പുതിയ ഭഗവതിയുടെ തോറ്റം. വീരന്‍ദൈവത്തിന്‍റെ തോറ്റം. രാത്രി 12 മണിക്ക് ആദ്യത്തെ നടയിലെഴുന്നള്ളത്ത്. അതുകഴിഞ്ഞാല്‍ ആദ്യത്തെ കളം കൈ ഏല്‍ക്കല്‍. അതിനുശേഷം വടക്കുഭാഗം. അതുകഴിഞ്ഞാല്‍ ദെണ്ടന്‍ദൈവത്തിന്‍റെ പുറപ്പാട്. അതിനുശേഷം നടയില്‍ എഴുന്നള്ളത്ത്. രണ്ട് എഴുന്നള്ളത്തിനും ബാലതരുണിമാരുടെ താലപ്പൊലി വേണം. വെള്ളത്താലം, മഞ്ഞത്താലം. എഴുന്നള്ളത്ത് കഴിഞ്ഞാല്‍ അടിയന്തിരം. പിന്നീട് മേലേരി കൈക്കൊള്ളല്‍. അത് കഴിഞ്ഞാല്‍ രണ്ടാമത്തെ കളം കൈകൊള്ളല്‍. നാലാം ദിവസം രാവിലെ പുതിയഭഗവതിയെ ആറാടിച്ച് അകത്ത് കൂട്ടുന്നു.

അതിനുശേഷം ദേവിയുടെ തിരുനൃത്തപന്തലില്‍ വെച്ച് പൊലിപ്പാട്ട്. എല്ലാ ഭക്തജനങ്ങളും ദേവിയുടെ തിരുമുമ്പില്‍ വെച്ച് താലത്തില്‍ പൊലിച്ച് ദേവിയെ വണങ്ങണം. അതിനുശേഷം എല്ലാ ആചാരക്കാരും കാരണവരും കുഞ്ഞികുട്ടി കുടുംബാദികളും ചേര്‍ന്ന് ദേവിയെ തേര് കയറ്റി അയക്കുന്നു. അതോടെ ഭരണി ഉത്സവം സമാപിക്കുന്നു.